ഇതിലേ നടന്നവര്‍ By Mr M K Bhasi
ഇതിലേ നടന്നവര്‍
ഇതിലേ നടന്നവര്‍,
ഈമണല്‍ത്തരികളില്‍
മായാത്ത പദമുദ്ര
വീഴ്ത്തിയീ വഴികളി –
ലൂടേ നടന്നവര്‍,
തപ്തമീ മണ്ണിന്‍റെ
പൊള്ളുന്ന ദുഃഖങ്ങള്‍
സ്വന്തമാത്മാവിലേയ് –
ക്കൊപ്പിയെടുത്തവര്‍,
തിരയുള്ള, ചുഴിയുള്ള
കടലിന്‍റെ നടുവിലൂ –
ടൊരു നീലരാത്രിയില്‍
എതിരേ തുഴഞ്ഞവര്‍,
അലിവിന്‍റെ നനവുള്ള
വിരല്‍ മുദ്ര ചാര്‍ത്തിയീ
വഴികളിലിന്നലെ –
യെങ്ങോ മറഞ്ഞവര്‍,
ഒരു നാദധാരയില്‍
സ്വരരാഗ ഗംഗയില്‍
ഒരു നേര്‍ത്ത ലയമാ –
യലിഞ്ഞങ്ങു ചേര്‍ന്നവര്‍,
അവര്‍ പണ്ടു പാടിയ
പഴയ ഗാനങ്ങളെ
പുതിയൊരീണത്തിലായ്
തുടരുന്നതെങ്ങിനെ?
അറിയാതെ ഞാനിരിക്കുന്നു.
അവരാണു തന്നതെ –
ന്നോര്‍മ്മകള്‍ക്കീമഴ –
വില്ലെന്നു ഞാനറിഞ്ഞില്ല.
അവരാണു തന്നതെന്‍
കൈകളിലീമുള –
ന്തണ്ടെന്നു ഞാനറിഞ്ഞില്ല.
അവരാണു തന്നതെന്‍
കരളിനീത്തീക്കനല്‍
അതു ഞാനറിഞ്ഞതേയില്ല.
അവരിന്നുമെരിയുന്നു
തിരിനാളമായുള്ളില്‍
അതു മാത്രമാണു ഞാനറിവൂ –
അതുമാത്രം …അതുമാത്രം…അറിവൂ.•